Saturday, October 30, 2010

വേളത്ത് കനത്ത പോളിങ്ങ്‌

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ വേളം ഡിവിഷനിലേക്കുള്ള വോട്ടെടുപ്പ് സമാപിച്ചു. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 70 ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി 65 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

വേളത്തേയും ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന മറ്റിടങ്ങളിലേയും വോട്ടെണ്ണല്‍ 31ന് നടക്കും. സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പായിരുന്നു ഇത്.

വേളം പഞ്ചായത്തിന്റെ വാര്‍ഡ് പരിധി നിര്‍ണയത്തിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകാന്‍ വൈകിയതാണ് തിരഞ്ഞെടുപ്പ് നീളാന്‍ കാരണമായത്. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ആ കേസുകളില്‍ തീര്‍പ്പുകല്പിക്കാനുള്ളതിനാലാണ് സപ്തംബറില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് ഒക്ടോബറിലേക്ക് മാറ്റിയത്. അതിനുശേഷവും വേളത്തെ തര്‍ക്കത്തില്‍ തീര്‍പ്പായില്ല. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.

തുടര്‍ന്ന് വേളം പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് രണ്ടുഘട്ടമായുള്ള തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന സാങ്കേതിക പ്രശ്‌നമുണ്ടായി. അതോടെ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെയടക്കം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. വേളത്തെ തിരഞ്ഞെടുപ്പിനുമുമ്പ് ജില്ലയിലെ മറ്റിടങ്ങളിലെ ഫലം പുറത്തുവന്നാല്‍ ജനവിധിയെ സ്വാധീനിക്കുമെന്ന നില വന്നപ്പോള്‍ വോട്ടെണ്ണലും മാറ്റി.

വേളം, കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകള്‍ മുഴുവനായും കുറ്റിയാടി, കായക്കൊടി, ആയഞ്ചേരി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഭാഗികമായും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളും തോടന്നൂര്‍ ബ്ലോക്കിലെ ഒരു വാര്‍ഡും ജില്ലാ പഞ്ചായത്ത് വേളം ഡിവിഷനില്‍പ്പെടുന്നു.

1 comment:

  1. ഒക്‌ടോബര്‍ 31-ലെ തെരഞ്ഞെടുപ്പ് ഫലങ്ങളും വിശേഷങ്ങളും അപ്പപ്പോള്‍ സോളിഡാരിറ്റി നെറ്റ്‌വര്‍ക്കില്‍ പ്രസിദ്ധീകരിക്കാന്‍ കുറ്റ്യാടി, വേളം ഏരിയയിലെ പ്രവര്‍ത്തകരുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്.

    അഡ്‌മിന്‍

    http://www.solidarityym.net/chat
    http://www.solidarityym.net/forum/topics/4301468:Topic:57228

    ReplyDelete